മോട്ടോർ വാഹന നികുതി കൂട്ടി; വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഇളവ്
|കോണ്‍ട്രാക്റ്റ് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചതായി പ്രഖ്യാപനം. 2 ലക്ഷം വരെ വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം കൂട്ടുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കോണ്‍ട്രാക്റ്റ് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.
വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചിട്ടുണ്ട്. അഞ്ച് ശതമാനമാണ് കുറച്ചത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. പട്ടയഭൂമിയിലെ ഭൂ നികുതി പരിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കി.സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കി കുറച്ചു.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നിരക്കിലുള്ള വര്‍ധനവ്
- 5 ലക്ഷം വരെ വിലയുള്ളവ – 1%
- 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2%
- 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1%
- 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1%
- 30 ലക്ഷത്തിന് മുകളില്‍ - 1%