രണ്ട് മണിക്കൂര്‍ 30 മിനിറ്റ്; ബാലഗോപാലിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണം
|ബാലഗോപാലിന്‍റെ നാലാമത്ത ബജറ്റാണ് ഇത്
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ 30 മിനിറ്റാണ് ബജറ്റവതരണം നീണ്ടുനിന്നത്. ബാലഗോപാലിന്‍റെ നാലാമത്ത ബജറ്റാണ് ഇത്.
കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടു തുടങ്ങിയ ബജറ്റവതരണം കേന്ദ്രത്തെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചത്. കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നില്‍ക്കില്ലെന്ന് പറഞ്ഞ ബാലഗോപാല്‍ കേരളം തളരില്ലെന്നും തകരില്ലെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും ന്യായം ലഭിക്കും വരെ കാത്തിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ''കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ'' എന്ന മഹാകവി വള്ളത്തോളിന്‍റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരണം അവസാനിപ്പിച്ചത്.
61 മിനിറ്റ് കൊണ്ടാണ് 2021ലെ തന്‍റെ കന്നി ബജറ്റ് ബാലഗോപാല്‍ അവതരിപ്പിച്ചത്. മുന്‍ഗാമികളെപ്പോലെ കഥയും കവിതയൊന്നുമില്ലാതെ ശരവേഗത്തില്‍ പറഞ്ഞുതീര്‍ക്കുകയായിരുന്നു ധനമന്ത്രി. രണ്ടാമത്തെ ബജറ്റവതരണം രണ്ട് മണിക്കൂര്‍ 15 മിനിറ്റാണ് നീണ്ടുനിന്നത്. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടാണ് ബാലഗോപാല്‍ തന്‍റെ മൂന്നാം ബജറ്റും വായിച്ചു തീര്‍ത്തത്. രാവിലെ 9ന് ആരംഭിച്ച ബജറ്റവതരണം 11.18ന് അവസാനിക്കുകയായിരുന്നു.