പങ്കാളിത്ത പെന്‍ഷനു പകരം പുതിയ പെന്‍ഷന്‍ പദ്ധതി
|മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന് പകരം സംസ്ഥാനത്ത് പുതിയ അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി പുതിയ സ്കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരില്‍ വലിയ ആശങ്കക്ക് വഴിവച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ തുടര്‍ പരിശോധനക്കായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ശമ്പള പെന്‍ഷന്‍ പരിഷ്കരണം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ഇന്ന് ഇന്ത്യയിലാകെ സര്‍ക്കാര്‍ മേഖലയില്‍ പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ വഴി നടക്കുന്ന ആകെ നിയമനങ്ങളുടെ 42 ശതമാനവും കേരളത്തിലാണ് എന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട 57,000 കോടി രൂപ വെട്ടിക്കുറച്ചതിനാല്‍ കടുത്ത പ്രയാസം നേരിടുകയാണ്. ഇതിന്‍റെ ഒരു ഭാഗമെങ്കിലും ലഭിച്ചാല്‍ നമ്മുടെ കടുത്ത ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയും. ഈ സാഹചര്യത്തിലും ജീവനക്കാര്‍ക്ക്/ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു ഡി.എ/ഡി.ആര്‍ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.