ഈദുൽഫിത്ർ ആഘോഷ നിറവില്‍ വിശ്വാസികള്‍
|സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈദ് നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ പിന്നിട്ട് ഇസ്‍ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈദ് നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വ്രതശുദ്ധിയുടെ ഒരു മാസത്തെ പുണ്യത്തിന്‍റെ നിറവിലാണ് ഇസ്‍ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം പാളയം സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പാളയം ഇമാം പെരുന്നാൾ സന്ദേശം ആരംഭിച്ചത്. കേരള സ്റ്റോറി പൂർണമായും വസ്തുതാവിരുദ്ധമാണെന്നും രാജ്യത്ത് മുസ്‍ലിം വിരുദ്ധ അജണ്ടകൾ നടക്കുന്നതായും പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി വ്യക്തമാക്കി.
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഈദ് ഗാഹിന് മൗലവി ബഷീർ മുഹ്‍യുദ്ദീൻ നേതൃത്വം നൽകി. മലപ്പുറം ശാന്തപുരം അൽജാമിയ ക്യാമ്പസിൽ നടന്ന ഈദ് ഗാഹിന് ജമാ അത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി അരിഫലി നേതൃത്വം നൽകി. കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂർ നേതൃത്വം നൽകി. തിരുവനന്തപുരം ബീമാപള്ളിയിലെ ഈദ് നിസ്കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ നിസ്‌കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ നന്മകള്‍ പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു.