സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി: സുപ്രിംകോടതി നിർദേശ പ്രകാരം നാളെ ചർച്ച
|ചർച്ചയിൽ കേരള സംഘത്തെ മന്ത്രി ബാലഗോപാൽ നയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ നാളെ ചർച്ച ആരംഭിക്കും. സുപ്രിംകോടതി നിർദേശ പ്രകാരമാണ് ചർച്ച എന്നതിനാൽ കേരളത്തിന് നേരിയ മേൽക്കൈയുണ്ട്. കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത ഹരജി ഫയലിൽ സ്വീകരിക്കരുത് എന്നുപോലുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ അവസ്ഥയിൽ നിന്നാണ് ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയത്.
ചർച്ചയിൽ കേരള സംഘത്തെ മന്ത്രി ബാലഗോപാൽ നയിക്കും. യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിന്റെ ഭാഗത്ത് നിന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര അഗർവാൾ എന്നിവർ നാളെ ഡൽഹിയിൽ എത്തും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ .എം അബ്രഹാമിനെ സംഘത്തിൽ ഉൾപ്പെടുത്തിയത് കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാൻ കൂടിയാണ്. കിഫ്ബി വഴി എടുക്കുന്ന വായ്പ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനാവില്ല എന്നതാണ് പ്രധാന വാദം.
നിയമസഭയിലെ ബജറ്റ് ചർച്ചയിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന് പങ്കെടുക്കേണ്ടത് കൊണ്ടാണ്, ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ചർച്ച നീട്ടിവച്ചിരിക്കുന്നത്. കേരളത്തിന്റെ ഹരജി പരിഗണിച്ചപ്പോൾ സുപ്രിംകോടതിയിലെ ജഡ്ജി ജസ്റ്റിസ് സൂര്യകാന്താണ് സംസ്ഥാനവും കേന്ദ്രവും കൂടി ചർച്ച നടത്താനുള്ള ആശയം മുന്നോട്ട് വച്ചത്. ചർച്ചയ്ക്ക് രണ്ട് കൂട്ടരും സമ്മതം മൂളിയത് ഉദാത്തമായ സഹകരണ ഫെഡറലിസം ആയിട്ടാണ് സുപ്രിംകോടതി വിലയിരുത്തിയത്.