'എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം': ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
|'മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ജോലിക്ക് അപേക്ഷ നൽകുന്നത്?'
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗവർണർ പറഞ്ഞത് അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ജോലിക്ക് അപേക്ഷ നൽകുന്നതെന്ന് പിണറായി വിജയന് ചോദിച്ചു.
സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ പറ്റില്ലെന്ന് പറയാൻ എന്താണ് അധികാരം? എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത്? ഗവർണർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭീഷണി സ്വരത്തിൽ ആരാണ് സംസാരിക്കുന്നത് ആരാണെന്ന് നാട് കുറേക്കാലമായി കാണുന്നുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫുകളുടെ, യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. ആരുടെയും ബന്ധുവെന്നത് നിയമനങ്ങൾക്കുള്ള യോഗ്യതയല്ല. നിയമനങ്ങൾക്ക് യു.ജി.സി കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് നിയമനം കിട്ടുമോ? സർവകലാശാലകളിൽ അനധികൃതമായി നിയമനങ്ങൾ നടത്താനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിക്കുകയുണ്ടായി.
താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകൾക്ക് കൂട്ടുനിൽക്കാനാവില്ല. ഭരണഘടനാപരമായി മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂ. ഇന്ത്യയിൽ രൂപമെടുക്കാത്ത ചില പാർട്ടികൾ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത്. തന്നെ സമ്മർദത്തിലാക്കാമെന്ന് അവർ കരുതേണ്ട. അതിന് ശ്രമിച്ചാൽ നിയമത്തിന്റെ അന്തസ്സത്ത ആയുധമാക്കി നേരിടുമെന്ന മുന്നറിയിപ്പും ഗവർണർ നൽകി. കഴിഞ്ഞ ദിവസം എം.ജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദദാന ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറുടെ ഈ പരാമര്‍ശങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയത്.
പേവിഷബാധ മൂലം 21 മരണം
പേവിഷബാധമൂലം ഈ വർഷമുണ്ടായ 21 മരണങ്ങളിൽ 15 പേർ വാക്സിൻ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്റി റാബിസ് വാക്സിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണെന്നും സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന്റെ ഉപയോഗം 57% വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വളർത്തു നായകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നുമെന്നും പറഞ്ഞു.
തെരുവുനായ്ക്കളുടെ കൂട്ടം ചേരലും ആക്രമണവും അവരുടെ കുറ്റം കൊണ്ടല്ലെന്നും മാലിന്യം തള്ളുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കാൻ ആനിമൽ ഷെൽട്ടർ സെന്ററുകൾ പ്രാദേശിക തലത്തിൽ ആരംഭിക്കുമെന്നും പറഞ്ഞു. നായ്ക്കളെ തല്ലിയും വിഷം കൊടുത്തും തല്ലി കെട്ടിത്തൂക്കിയും പരിഹാരം ഉണ്ടാക്കാനാകില്ലെന്നും അത്തരം കൃത്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 1 മുതൽ 14 വരെ യൂറോപ്പ് സന്ദർശനം
ഒക്ടോബർ 1 മുതൽ 14 വരെ യൂറോപ്പ് സന്ദർശനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിൻലാൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാനാണ് ശിവൻകുട്ടി പോകുന്നത്. കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകൾ നോക്കും. നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.