Kerala
Kerala CM Pinarayi Vijayan criticizes One Nation, One Election move, Pinarayi Vijayan says One Nation, One Election move is an agenda to give omnipotence to the Centre, Pinarayi Vijayan, One Nation, One Election

പിണറായി വിജയന്‍

Kerala

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്': കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി

Web Desk
|
5 Sep 2023 7:51 AM GMT

''തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘ്പരിവാർ ഇതിലൂടെ ചോദ്യംചെയ്യുന്നു.''

തിരുവനന്തപുരം: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെന്ന ആശയവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ സംഘ്പരിവാർ ഉയർത്തുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ സംവിധാനത്തിന് തുരങ്കംവെച്ച് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് സംഘ്പരിവാറിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘ്പരിവാർ ഇതിലൂടെ ചോദ്യംചെയ്യുകയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യസ്വഭാവം ഇല്ലാതായി മാറുകയാണ് ചെയ്യുകയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

''ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയിൽനിന്നാണ് സംഘ്പരിവാർ തിടുക്കത്തിൽ ഇത്തരമൊരു നീക്കത്തിലേക്കെത്തിയതെന്ന് വ്യക്തമാണ്. ഈ സംസ്‌ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നും എൻ.ഡി.എക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാർത്ഥ്യമാണ് സംഘ്പരിവാറിനെ പരിഭ്രാന്തരാക്കിയത്. എന്നാൽ, സംഘ്പരിവാർ ആഗ്രഹിക്കുന്നതുപോലെ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പൊളിച്ചെഴുതാൻ ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യക്രമവും അനുവദിച്ചുകൊടുക്കില്ല എന്നത് നിസ്തർക്കമായ കാര്യമാണ്.''

ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ചോദ്യംചെയ്യുന്ന സംഘ്പരിവാർ ശ്രമങ്ങൾ എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാൻ ഉന്നംവെച്ചുള്ള ഇത്തരം നടപടികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary: Kerala CM Pinarayi Vijayan criticizes 'One Nation, One Election' move, saying its an agenda to give omnipotence to the Centre. He asked the democratic society to come forward against this

Similar Posts