വീണ്ടും ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
|സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചയിൽ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബുമായി വീണ്ടും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ അനൗദ്യോഗികമായി അന്വേഷണം നടക്കുന്നതിനിടെയാണു നിർണായക നീക്കം.
ഡിജിപിയുടെ നേതൃത്വത്തിലാണ് അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിനു നിർദേശം നൽകി. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ വർഷം എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് 10 ദിവസത്തിനിടയിൽ രണ്ട് തവണയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
അജിത് കുമാർ സംഘ്പരിവാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിൽ സിപിഎം നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലും ഉന്നയിച്ച ആരോപണങ്ങളിലും നടക്കുന്ന അന്വേഷണം പൂർത്തിയാകുംമുൻപേ ഈ അന്വേഷണം പൂർത്തിയാക്കണം. അതും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
Summary: Chief Minister Pinarayi Vijayan again met DGP Sheikh Darvesh Sahib amid controversy over ADGP MR Ajith Kumar's meeting with RSS leaders.