എഡിജിപി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഡിജിപിയുടെ ആവശ്യം തള്ളി; അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി
|അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം സ്വതന്ത്രമാവില്ലെന്നായിരുന്നു ഡിജിപിയുടെ നിലപാട്
തിരുവനന്തപുരം: കടുത്ത ആരോപണങ്ങൾക്കു പിന്നാലെയും എഡിജിപി എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അജിതിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇന്നലെ രാത്രി ചേർന്ന മുഖ്യമന്ത്രി-ഡിജിപി യോഗത്തിലാണു തീരുമാനം.
അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം സ്വതന്ത്രമാവില്ലെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യം യോഗത്തിൽ ഡിജിപി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മറ്റേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
പി.വി അൻവർ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനു പിന്നാലെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെയും മലപ്പുറം മുൻ എസ്പി സുജിത് ദാസിനെയും സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. അജിത് കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാതിരുന്ന സർക്കാർ വിവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഇടപെടൽ ഒതുക്കുകയായിരുന്നു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നാം പേരുകാരനായിരുന്ന സുജിത് ദാസിനെതിരായ നടപടി പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നുള്ള സ്ഥലം മാറ്റത്തിലും ഒതുക്കുകയായിരുന്നു.
Summary: The Kerala CM Pinarayi Vijayan protects MR Ajith Kumar by rejecting the DGP's demand to remove him from ADGP post