വിധി കാത്ത് കേരള കോണ്‍ഗ്രസുകള്‍; ജോസ്- ജോസഫ് വിഭാഗങ്ങള്‍ക്ക് നിർണ്ണായകം
|ഇത്തവണ കേരള കോണ്‍ഗ്രസ് പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. പാർട്ടി പിളർന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ജോസ്- ജോസഫ് പക്ഷങ്ങള്‍ക്ക് ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിചാരിച്ച വിജയം ലഭിച്ചില്ലെങ്കില്‍ ഇരു കൂട്ടർക്കും മുന്നണിക്കുള്ളില്‍ നിന്നും വലിയ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് 12 സീറ്റാണ് ഇത്തവണ എല്‍.ഡി.എഫ് നല്‍കിയത്. ഇതിനായി സി.പി.എമ്മും സി.പി.ഐയും പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി. അതുകൊണ്ട് തന്നെ ഇത്തവണ എല്ലാം സീറ്റിലും വിജയിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിന് അത് വലിയ തിരിച്ചടിയാകും. ഭരണ തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തന്നെയാണ് ഇവർക്കുള്ളത്. ജോസഫ് വിഭാഗം കടുംപിടുത്തം പിടിച്ചതോടെ ഇത്തവണ 10 സീറ്റ് യു.ഡി.എഫിന് വിട്ടുനല്‍കേണ്ടി വന്നു. വിജയ സാധ്യത കുറവായിരുന്നിട്ടും ഏറ്റുമാനൂർ സീറ്റ് കൊടുക്കേണ്ടി വന്നത് കോണ്‍ഗ്രസുകാരെ പോലും ചൊടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറ്റുമാനൂർ സീറ്റടക്കം 10 സീറ്റിലും വിജയിക്കേണ്ടത് ജോസഫിനും ആവശ്യമാണ്. പന്ത്രണ്ട് സീറ്റില് ജയിച്ചില്ലെങ്കിലും പാലയെങ്കിലും വിജയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന് അനിവാര്യമാണ്. അഭിമാന പോരാട്ടമായിട്ടാണ് പാലായിലെ പോരിനെ ഇവർ കാണുന്നത്. രണ്ടില കിട്ടാത്തതിന്‍റെ ആശങ്ക ജോസഫ് വിഭാഗത്തിനുണ്ട്. ഏറ്റുമാനൂർ അടക്കമുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയില്ലെങ്കില്‍ വിജയം പ്രതീക്ഷിക്കുന്നുമുണ്ട്.