ഓട്ടോറിക്ഷ ചിഹ്നം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ മാത്രം ബാക്കി
|തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കരുത്ത് തെളിയിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിജയ ചിഹ്നമായ ഓട്ടോറിക്ഷ കൂടെ കൂട്ടുകയാണ്
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷാ ചിഹ്നം പാർട്ടിയുടെ ഓദ്യോഗിക ചിഹ്നമായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ മാത്രമാണ് ഇനി ബാക്കി. ഓട്ടോറിക്ഷ ചിഹ്നത്തെ നെഞ്ചോട് ചേർക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി മീഡിയവണിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കരുത്ത് തെളിയിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിജയ ചിഹ്നമായ ഓട്ടോറിക്ഷ കൂടെ കൂട്ടുകയാണ് . ഓട്ടോറിക്ഷ ചിഹ്നം ജനങ്ങൾക്ക് ഇടയിലുണ്ടാക്കിയ സ്വാധീനവും സ്വീകാര്യതയും കണക്കിലെടുത്താണ് തീരുമാനം . കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയോഗത്തിൽ ഓട്ടോറിക്ഷ ചിഹ്നം ലഭിക്കാൻ നടപടികൾ സ്വീകരിക്കാൻ ധാരണയായിരുന്നു. മറ്റു പാർട്ടികൾ ആരും ഓട്ടോറിക്ഷാ ചിഹ്നം ആവശ്യപ്പെടാത്തതും നേട്ടമായി.എം.പിയെ ലഭിച്ചതോടെ സംസ്ഥാന പാർട്ടി പദവി ചിഹ്നം എന്നിവ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഇനി സ്വന്തമാകും.
കുതിര, സൈക്കിൾ ചിഹ്നങ്ങളായിരുന്നു നേരത്തെ ജോസഫ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ചിഹ്നം. മാണി ഗ്രൂപ്പിൻ്റെ രണ്ടിലയ്ക്കെതിരെ ഇനി മുതൽ ജോസഫിൻ്റെ ഓട്ടോറിക്ഷ ഏറ്റുമുട്ടുന്ന കേരളാ കോൺഗ്രസിസ് രാഷ്ട്രീയത്തിനാകും മധ്യകേരളം സാക്ഷ്യം വഹിക്കുക.