'പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കാതെ പരിപാടി നടത്തി'; പാലായിൽ വീണ്ടും കേരള കോൺഗ്രസ് എം -സി.പി.എം പോര്
|കടനാട് പഞ്ചായത്തിൽ നടപ്പാക്കിയ ക്ഷീര പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ രാജുവിനെ കേരള കോൺഗ്രസ് എം ക്ഷണിക്കാതിരുന്നത്
കോട്ടയം: പാലായിൽ വീണ്ടും കേരള കോൺഗ്രസ് എം-സി.പി.എം പോര്. സി.പി.എമ്മുകാരിയായ കടനാട് പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കാതെ കേരള കോൺഗ്രസ് എം പരിപാടി നടത്തിയതാണ് തർക്കത്തിന് കാരണം. ഇതോടെ കേരള കോൺഗ്രസ് എമ്മുകാരെ പങ്കെടുപ്പിക്കാതെ മറ്റൊരു പരിപാടി സംഘടിപ്പിച്ച് സി.പി.എമ്മും മറുപടി നൽകി.
കടനാട് പഞ്ചായത്തിൽ നടപ്പാക്കിയ ഒരു ക്ഷീര പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ രാജുവിനെ കേരള കോൺഗ്രസ് എം ക്ഷണിക്കാതിരുന്നത്. ജില്ല പഞ്ചായത്തിന്റെ പദ്ധതിയായതിനാൽ കേരള കോൺഗ്രസ് എമ്മിന്റെ ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കലിനെ വെച്ച് ഉദ്ഘാടനവും നടത്തി. പരിപാടിക്കിടെ അവിടെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് സദസിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഇതറിഞ്ഞതോടെ പാല നഗരസഭ സ്ത്രീകൾക്കായി നടത്തിയ രാത്രി നടത്തത്തിൽ സി.പി.എം കടനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു. കൂടാതെ കേരള കോൺഗ്രസുകാരെ മാറ്റി നിർത്തുകയും ചെയ്തു. അനുദിനം പോര് വർധിച്ച് വരുമ്പോഴും പ്രാദേശിക വിഷയമെന്നാണ് നേതൃത്വങ്ങളുടെ വിശദീകരണം.