'പല തെരഞ്ഞെടുപ്പിലും തോറ്റുപോയവര്‍ ജോസ് കെ മാണിക്ക് മാര്‍ക്കിടുന്നു'; സി.പി.ഐക്കെതിരെ കേരള കോണ്‍ഗ്രസ് എം
|മുന്നണിയില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ആധിയാണ് സി.പി.ഐക്കെന്നും വിമര്‍ശനം.
ജോസ് കെ മാണിക്ക് ജനകീയ അടിത്തറയില്ലെന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നതും ചെയ്യുന്നത് പാപ്പരത്തമാണ്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് സി.പി.ഐക്കെതിരായ വിമര്‍ശനം ഉയര്‍ന്നത്.
വ്യക്തിപരവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണ് സി.പി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത കാലത്തൊന്നും ഇടതുമുന്നണി വിജയിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ ഇത്തവണ മികച്ച വിജയം നേടിയത് കേരള കോണ്‍ഗ്രസിന്റെ സ്വാധീനം കൊണ്ടാണെന്ന് സി.പി.ഐ മനസിലാക്കണം. ജനകീയാടിത്തറ ഇല്ലാത്തതു കൊണ്ടാണോ സി.പി.ഐയുടെ കരുനാഗപള്ളി, മൂവാറ്റുപുഴ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതെന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ ചോദിച്ചു.
പാലായിലെ പരാജയത്തില്‍ മുന്നണിക്ക് ഉത്തരവാദിത്തമില്ലെന്ന സി.പി.ഐയുടെ നിലപാട് ശരിയല്ല. കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള സി.പി.ഐയുടെ മുന്‍ നിലപാടില്‍, മുന്നണി പ്രവേശനത്തിന് ശേഷവും മാറ്റം സംഭവിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വന്നാല്‍, തങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുമോ എന്ന അങ്കലാപ്പാണ് സി.പി.ഐക്കെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.