Kerala
തോമസ് ചാഴികാടൻ
Kerala

കോട്ടയത്ത് വീണ്ടും തോമസ് ചാഴികാടൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

Web Desk
|
12 Feb 2024 12:25 PM GMT

നിലവില്‍ കോട്ടയം എം.പിയാണ് ചാഴികാടന്‍

കോട്ടയം: കേരള കോൺഗ്രസ്-എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ കോട്ടയം ലോക്‌സഭാ സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. നിലവില്‍ കോട്ടയം എം.പിയാണ്. ജോസ് കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ ലോക്സഭയിലേക്ക് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

കേരള കോൺഗ്രസിന് എല്‍.ഡി.എഫ് അനുവദിച്ച ഏക ലോക്‌സഭാ സീറ്റാണ് കോട്ടയം. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനമായത്. മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുകയെന്നും കോട്ടയത്ത് നൂറു ശതമാനം വിജയം ഉറപ്പാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരളത്തിൽ 20 സീറ്റിലും ഇടത് സ്ഥാനാർത്ഥികൾ ജയിക്കേണ്ടതുണ്ട്. സ്റ്റിയറിങ് കമ്മിറ്റിയിൽ ഒറ്റ പേരു മാത്രമാണു ചർച്ചയ്ക്കു വന്നതെന്നും അദ്ദേഹം പറഞ്ഞു.

1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടൻ പൊതുപ്രവർത്തന രംഗത്ത് കാലൂന്നുന്നത്. കന്നിയങ്കത്തിൽ 1991ൽ ഏറ്റുമാനൂരിൽനിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോട്ടയത്തുനിന്ന് വിജയിച്ച ചാഴികാടൻ, പാർലമെന്റിലെ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അംഗം, റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം, ഊർജ വകുപ്പിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസ്ഥാനതല സിമിതിയായ ദിശയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം, ജനറൽ സെക്രട്ടറി, പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

Summary: Kerala Congress-M Vice Chairman Thomas Chazhikadan LDF candidate in Kottayam Lok Sabha seat

Similar Posts