സംസ്ഥാനത്ത് ഇന്ന് 2,423 പേർക്ക് കോവിഡ്; 2,879 പേർക്ക് രോഗമുക്തി
|രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,879 പേർ രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 2,423 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂർ 192, കണ്ണൂർ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസർകോട് 32 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,07,074 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 3,606 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 19,835 കോവിഡ് കേസുകളിൽ, 10.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 149 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 2,262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,879 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂർ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂർ 176, കാസർഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,835 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,76,535 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി.