Kerala
Digital university techno fest
Kerala

ഡിജിറ്റൽ യൂണിവേഴ്സിറ്റി ടെക്നോ - കൾച്ചറൽ മാനേജ്മെന്റ്‌ ഫെസ്റ്റ് 25 മുതൽ

Web Desk
|
24 Oct 2024 2:40 PM GMT

25 ന് രാവിലെ വ്യവസായ- നിയമകാര്യ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്യും.

മംഗലപുരം (തിരുവനന്തപുരം): കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ( കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി - ഡിയുകെ ) സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ടെക്നോ - കൾച്ചറൽ ഫെസ്റ്റിന്- വ്യൂഹം’24 വെള്ളിയാഴ്ച തിരിതെളിയും. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നും കോളേജുകളിൽനിന്നുമായി രണ്ടായിരത്തോളം പ്രതിഭകൾ മൂന്നു ദിവസത്തെ മേളയിൽ മാറ്റുരയ്ക്കും. ഡിയുകെ ക്യാമ്പസിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ.

25 ന് രാവിലെ ഒമ്പതിന് സംസ്ഥാന വ്യവസായ- നിയമകാര്യ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാർഷികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളും മറ്റു പരിപാടികളും രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ നടക്കും.

മൂന്നു വിഭാഗങ്ങളായാണ് മത്സരയിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടെക്നിക്കൽ ഇനങ്ങൾ: ഹാക്കത്തോൺ, വർക്ക് ഷോപ്പ്, സിടിഎഫ്, ക്വിസ്സ്, എഐ ഷോർട്ട് ഫിലിം മത്സരം, കോഡിങ് ഗെയിം. കൾച്ചറൽ ഇനങ്ങൾ: ഫാഷൻ ഷോ, ആക്ടീവ് റേഡിയോ ബാൻഡ്, ആൽമരം ബാൻഡ്, ഓപ്പൺ മൈക്ക്. മാനേജ്‌മെൻ്റ് ഇനങ്ങൾ: എച്ച് ആർ ഗെയിം, സ്റ്റാർട്ടപ്പ് ഷോകേസ് , ഫിനാൻസ് ഗെയിം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിക്കും.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു ( എംഎച്ച്ആർഡി ) കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് (ഐഐഐടിഎം - കെ) ആയി 2000 ൽ ആരംഭിച്ച സ്ഥാപനം 2020 ലാണ് കേരള സർക്കാർ മുൻകൈയെടുത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്. കേരളത്തിലെ 14-ാമത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും അത്യാധുനിക ശാസ്ത്ര സാങ്കേതിക പഠന - ഗവേഷണ രംഗത്തെ മികവിൻ്റെ കേന്ദ്രവുമാണ്. വിവിധ ബിരുദാനന്തര ബിരുദ- ഗവേഷണ സ്ട്രീമുകളിലായി എഴുന്നൂറോളം വിദ്യാർഥികളുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികവാർന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ കുതിപ്പിലേക്കു നയിക്കുന്ന നൂതന കണ്ടുപിടുത്തങ്ങളിലൂടെയും നിരവധി ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കാനും ഡിയുകെക്കു കഴിഞ്ഞു.

Related Tags :
Similar Posts