Kerala
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Web Desk
|
9 April 2024 1:45 PM GMT

പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്.

കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.

പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാളാണെന്ന് പാളയം ഇമാം വി.പി. ശുഐബ് മൗലവിയും കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനിയും അറിയിച്ചു.

ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഡൽഹി അടക്കം ഉത്തരേന്ത്യയിൽ വ്യാഴാഴ്ചയാണ് പെരുന്നാൾ.

ഈദ് എന്ന അറബി പദത്തിന്റെ അർഥം ആഘോഷമെന്നാണ്. ഫിത്ർ എന്നാൽ തുറക്കൽ എന്നും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് നമസ്‌കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. കുടുംബവീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതും പെരുന്നാൾ ദിനത്തിൽ പതിവാണ്.

നിർബന്ധ ദാനം (ഫിത്ർ സകാത്) പെരുന്നാൾ ദിനത്തിൽ നിർബന്ധമാണ്. ആഘോഷ ദിനത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് ഈ ദാനത്തിന്റെ പൊരുൾ. ഫിത്ർ സകാത് വ്രതാനുഷ്ഠാനത്തിൽ വന്ന അപാകതകൾ പരിഹരിക്കുമെന്നാണ് വിശ്വാസം. നാട്ടിലെ സാധാരണ ഭക്ഷ്യധാന്യമാണ് ഫിത്ർ സകാത്തായി നൽകേണ്ടത്. പെരുന്നാൾ നമസ്‌കാരത്തിന് മുമ്പാണ് നിർബന്ധ ദാനം കൊടുത്തു വീട്ടേണ്ടത്.

Related Tags :
Similar Posts