കൊവാക്സിൻ 18 സംസ്ഥാനങ്ങൾക്ക്; പട്ടികയിൽ കേരളം ഇല്ല
|ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയുന്ന മുൻഗണന പട്ടികയിൽ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്.
ആദ്യഘട്ടത്തിൽ കൊവാക്സിൻ ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടമില്ലാതെ കേരളം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയുന്ന മുൻഗണന പട്ടികയിൽ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ നയം അനുസരിച്ചാണ് വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക് തന്നെ നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത്.
കൊവാക്സിൻ തമിഴ്നാടും കർണാടകയും ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വാക്സിന്റെ ഉൽപാദനം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങൾക്കും കൊവാക്സിൻ ലഭ്യമാക്കുമെന്നാണ് ഭാരത് ബയോടെക് നൽകുന്ന വിവരം.
ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് ആദ്യ ഘട്ടത്തിൽ നേരിട്ട് വാക്സിൻ വിതരണം ചെയ്യുന്നത്.