കേരള ഫീഡ്‌സ് കാലിത്തീറ്റയിൽ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കൾ ചത്തു
|അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: കണ്ണൂരിൽ കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച എട്ട് പശുക്കൾ ചത്തു. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. വിഷബാധ കാലിത്തീറ്റയിൽ നിന്നു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
ചക്കരക്കൽ മാമ്പ സ്വദേശി പ്രതീഷ് നടത്തുന്ന ഫാമിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളും അഞ്ചു കിടാവുകളും ചത്തത്. കേരള സർക്കാർ ഉല്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കൾക്ക് നൽകിയിരുന്നത്. കഴിഞ്ഞ നവംബർ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കാലിത്തീറ്റയിൽ 60 ചാക്കാണ് പശുക്കൾക്ക് നൽകിയത്. പിന്നാലെ പശുക്കൾ അവശ നിലയിലായി. തൊട്ടടുത്ത ദിവസം 8 പശുക്കൾ ചത്തു.
കാലിത്തീറ്റ കഴിച്ച കോഴികളും ചത്ത് വീണതോടെയാണ് വിഷ ബാധ കാലിത്തീറ്റയിൽ നിന്നാണന്ന സംശയം ബലപ്പെട്ടത്. ഒപ്പം ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും കാലിത്തീറ്റയെ കുറിച്ച് പരാതി ഉയർന്നു. പിന്നാലെ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കേരള ഫീഡ്‌സ് കലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചതായും വിഷബാധ ഇവിടെ നിന്നു തന്നെയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. സംഭവത്തിൽ നിർമ്മാതാക്കളായ കേരള ഫീഡ്‌സും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.