കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചുവര്‍ഷത്തിനിടെ നാലാം തവണ
|വൈറസ് ബാധയുണ്ടായപ്പോഴെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം തടയാനായി
കോഴിക്കോട്: അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്. 2018 ൽ കോഴിക്കോടാണ് ആദ്യമായി നിപ വൈറസ് റിപോർട് ചെയ്യുന്നത്. വൈറസ് ബാധയുണ്ടായപ്പോഴെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം തടയാനായി.
2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് , മലപ്പുറം ജില്ലകളിൽ നിന്നുള്ളവർക്കാണ് അന്ന് രോഗം ബാധിച്ചത്.ഇതിൽ രണ്ട് പേരൊഴികെ 17 പേർ മരണത്തിന് കീഴടങ്ങി. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്തായിരുന്നു 2018 ൽ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രം. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട സ്വദേശി വളച്ച്കെട്ടിവീട്ടീൽ സാബിതിന്റേതാണ് നിപ ബാധിച്ചുള്ള ആദ്യ മരണമെന്നാണ് നിഗമനം.
2018 മെയ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സാബിത് മരിക്കുന്നത്. പിന്നീട് രോഗം സ്ഥിരീകരിച്ച സാബിതിന്റെ കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർ മരണത്തിന് കീഴടങ്ങി.വൈറസ് ബാധിച്ച രണ്ട് പേർ ജീവിതത്തിലേക്ക് തിരികെ നടന്നു. രണ്ട് മാസത്തിന് ശേഷം പുതിയ രോഗികൾ ഇല്ലെന്ന് ഉറപ്പ് വരുത്തി 2018 ജൂൺ 30ന് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിച്ചു.
എന്നാൽ നിപ ആശങ്ക ഒഴിയുന്നതിന് മുമ്പ് 2019 ലും നിപ സ്ഥീരീകരിച്ചു. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിക്കാണ് അന്ന് വൈറസ് ബാധിച്ചത്. രണ്ട് മാസത്തോളം നീണ്ട ചികിത്സക്കൊടുവിൽ ഇയാൾ രോഗമുക്തനായി. പിന്നീട് 2021 ലും സംസ്ഥാനത്ത് നിപ റിപ്പോർട് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണ് മൂന്നാം തവണ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയിലിരിക്കേ 2021 സെപ്തംബർ അഞ്ചിന് വൈറസ് ബാധിച്ച പന്ത്രണ്ട് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. രണ്ട് വർഷത്തിനിപ്പുറമാണ് വീണ്ടും കോഴിക്കോട് ജില്ലയിൽ തന്നെ നിപ ബാധയുണ്ടാകുന്നത്. രണ്ട് പഞ്ചായത്തുകളിലാണ് നിപ വ്യാപന ഭീതി .