വന്യജീവി ശല്യം തടയൽ: 77 കോടി കേന്ദ്ര ഫണ്ടിൽ കേരളം ഉപയോഗിച്ചത് 42 കോടി
|വനംവകുപ്പിൽ പ്രത്യേകം സംഘങ്ങളെ നിയമിക്കുക,കിടങ്ങ് കുഴിക്കൽ,ഫെൻസിങ് നിർമാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് പൂർണ്ണമായി ഉപയോഗിക്കാതെ വനംവകുപ്പ്. എട്ടു വർഷത്തിനിടെ 76.96 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ചിലവഴിച്ചത്.
വന്യജീവികളുടെ ആക്രമണം തടയാൻ വനംവകുപ്പിൽ പ്രത്യേകം സംഘങ്ങളെ നിയമിക്കുക,കിടങ്ങ് കുഴിക്കൽ,ഫെൻസിങ് നിർമാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്. പ്രൊജക്ട് എലിഫന്റിന്റെ ഭാഗമായി ആനകളുടെ സംരക്ഷണത്തിനും ആനകളുടെ ആക്രമണത്തിനും കേരളത്തിനനുവദിച്ച 32.83 കോടിയിൽ 30 കോടി കേരളം ചെലവഴിച്ചതായും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വെച്ചുള്ള ഫ്രണ്ട് ലൈൻ സ്ക്വാഡുകൾ ശക്തമാക്കണമെന്നും പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കണമെന്നും കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ആനകളെ വനത്തികത്ത് തന്നെ പിടിച്ചു നിർത്തുക എന്നതിനായാണ് പ്രധാനമായും ഫണ്ട് വിനിയോഗിക്കുന്നത്. ഇതിനായാണ് ഫെൻസിങ് ഉൾപ്പടെയുള്ള മാർഗങ്ങൾ. മലയോരമേഖലയിലെ ആളുകളെ കൂട്ടി സ്ക്വാഡുകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
നിലവിൽ ആർആർടി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. പാലക്കാട് ജില്ലയിൽ ഒലവക്കോടുള്ള ആർആർടി മാത്രമാണ് സ്ഥിരമായുള്ളത്. എന്നാൽ ആനശല്യം രൂക്ഷമായ അട്ടപ്പാടി,മണ്ണാർക്കാട് എന്നിവിടങ്ങളിൽ താത്ക്കാലിക ആർആർടിയാണുള്ളത്.