കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഇന്ധനനികുതി കുറക്കില്ല:ധനമന്ത്രി
|കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി
കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.
ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നികുതി കുറയ്ക്കുമെന്നാണ് ബാലഗോപാൽ ഇന്നലെ പറഞ്ഞിരുന്നത്.
കേന്ദ്രത്തിന്റെ ചുവടുപിടിച്ച് ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു.