Kerala
The Kerala government files petition in the Supreme Court against the Citizenship Amendment Act notification, Citizenship Amendment Act notification, CAA protest
Kerala

സി.എ.എക്കെതിരെ നിയമപോരാട്ടത്തിന് കേരളം; സുപ്രിംകോടതിയിൽ ഹരജി നൽകി

Web Desk
|
16 March 2024 8:20 AM GMT

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള 257 ഹരജികൾ സുപ്രിംകോടതിക്കു മുന്നിലുണ്ട്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ സുപ്രിംകോടതിയിൽ നിയമപോരാട്ടത്തിന് കേരളം. ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സുപ്രിംകോടതിയിൽ പ്രത്യേക ഹരജി നൽകി. സി.എ.എ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹരജികൾ സുപ്രിംകോടതിക്കുമുന്നിലുണ്ട്. 257 ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഇന്നലെ കോടതി അറിയിച്ചിരുന്നു. കേസുകളിൽ വിശദമായി വാദംകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

അതേസമയം, ശക്തമായ വിമർശനത്തിനും കോടതി വ്യവഹാരങ്ങള്‍ക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോകുകയാണു കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം സി.എ.എയുടെ പേരിൽ പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു. CAA 2019 എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ അവതരിപ്പിച്ചത്. മാർച്ച് 11ന് പൗരത്വ ഭേദഗതി നിയമം ഔദ്യോഗിക നിയമമാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ പ്രത്യേക പോർട്ടലും ലോഞ്ച് ചെയ്തിരുന്നു.

1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014നുമുൻപ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. 2016 ജൂലൈയിലാണ് ആദ്യമായി ബിൽ ലോക്‌സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്‌സഭ പാസാക്കുകയും ചെയ്തു.

Summary: The Kerala government files petition in the Supreme Court against the Citizenship Amendment Act notification

Similar Posts