Kerala
The Kerala state government has criticized the governor, who is also the chancellor, on the re-appointment of the health university VC Mohanan Kunnummal, Kerala University of Health Sciences VC, KUHS, Mohanan Kunnummal row
Kerala

മോഹനൻ കുന്നുമ്മലിന്‍റെ പുനര്‍നിയമനത്തില്‍ ചാൻസലർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

Web Desk
|
24 Oct 2024 5:06 PM GMT

പുനർനിയമനത്തിൽ തന്നെ പ്രതിയാക്കിയ ചാൻസലർ ഇപ്പോള്‍ മറ്റൊരാൾക്കു പുനർനിയമനം നൽകിയിരിക്കുകയാണെന്ന് മന്ത്രി ബിന്ദു വിമര്‍ശിച്ചു

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലാ വിസി പുനര്‍നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആരോപിച്ചു. സർക്കാരിനെ ചാൻസലർ ഇരുട്ടിൽ നിർത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും പ്രതികരിച്ചു. മോഹനൻ കുന്നുമ്മലിന്‍റെ പുനർനിയമനമാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്.

പുനർനിയമനത്തിൽ തന്നെ പ്രതിയാക്കിയ ചാൻസലർ ഇപ്പോള്‍ മറ്റൊരാൾക്കു പുനർനിയമനം നൽകിയിരിക്കുകയാണെന്ന് മന്ത്രി ബിന്ദു വിമര്‍ശിച്ചു. ഒരിക്കൽ പറയുന്നതിൽനിന്നു വ്യത്യസ്തമായ നിലപാട് ആണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം.

നേരത്തെ മോഹനന് അഞ്ച് വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടി ചാന്‍സലര്‍ ഉത്തരവിറക്കുകയായിരുന്നു. ഈ മാസം വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. കേരള വിസിയുടെ അധിക ചുമതലയിലും മോഹനന്‍ തുടരും. ഇതോടെ, സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായിരിക്കുകയാണ് ഡോ. മോഹനൻ കുന്നുമ്മൽ. നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് സംസ്ഥാനത്ത് ആദ്യമായി വിസിയായി പുനർനിയമനം ലഭിച്ചത്. നടപടി വിവാദമാകുകയും നിയമപോരാട്ടത്തിനൊടുവില്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം സുപ്രിംകോടതി അസാധുവാക്കുകയും ചെയ്തിരുന്നു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ പുനർനിയമനം നൽകിയത്. നിയമാനുസൃതമായി നിയമനം നടന്നിട്ടുള്ള ഒരു വൈസ് ചാൻസലർ എങ്കിലും വേണമെന്ന് ഗവർണർ പറഞ്ഞു.

Summary: The Kerala state government has criticized the governor, who is also the chancellor, on the re-appointment of the health university VC Mohanan Kunnummal

Similar Posts