'ആദിവാസി ജനവിഭാഗത്തെ വംശീയമായി ചിത്രികരിച്ച കേരള സർക്കാർ മാപ്പ് പറയണം'; ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
|മനുഷ്യന്റെ ആത്മാഭിമാനത്തിനും അന്തസിനും വില കൽപ്പിക്കുന്നുണ്ടെങ്കിൽ, മറ്റു സമുദായങ്ങളെപ്പോലെ തുല്യതയോടെയും സമഭാവനയോടെയും ആദിവാസി സമൂഹത്തെയും കാണുന്നുണ്ടെങ്കിൽ പ്രദർശനം അടിയന്തിരമായി പിൻവലിച്ച് ആദിവാസി സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയുകയാണ് വേണ്ടതെന്നും കെ.എം.ഷെഫ്റിൻ പറഞ്ഞു
തിരുവനന്തപുരം: കേരള സർക്കാർ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന 'കേരളീയം' സംസ്കാരിക പരിപാടിയിൽ ആദിവാസി യുവതി-യുവാക്കളെ "ലിവിങ് മ്യൂസിയം" എന്ന പേരിൽ ചിത്രീകരിച്ചിരിക്കുന്ന നടപടി തികഞ്ഞ വംശീയതയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് . ഒരു ജനവിഭാഗത്തിന്റെ സംസ്കാരത്തെയും ചരിത്രത്തെയും കേവലം പ്രദർശന വസ്തുവാക്കി മാറ്റിയ സർക്കാർ ആദിവാസി ജനവിഭാഗത്തോട് മാപ്പ് പറയുകയും ലിവിങ് മ്യൂസിയത്തിന് പിന്നിൽ പ്രവർത്തിച്ച ഫോക് ലോർ അക്കാദമി അധികൃതർക്കെതിരെ നിയമ നടപടിയെടുക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിന്റ് കെ.എം.ഷെഫ്റിൻ ആവശ്യപ്പെട്ടു.
ആദിവാസി ജനവിഭാഗത്തെ വംശീയമായി അധിക്ഷേപിച്ചതിന് ന്യായം ചമഞ്ഞ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ്റെ പ്രസ്താവന തികഞ്ഞ വംശീയ വെറിയാണ് പ്രകടമാക്കുന്നത്. ഒ.എസ്. ഉണ്ണികൃഷണന്റെ "മറ്റ് സമുദായക്കാർ ഇങ്ങനെ ലിവിങ് മ്യൂസിയത്തിൽ വരില്ല. നായൻമാർ ഇങ്ങനെയൊരു ലിവിങ് മ്യൂസിയത്തിൽ വരണമെന്ന് പറഞ്ഞാൽ അവർ അഭിമാനമില്ലാത്തവരായത് കൊണ്ട് വരില്ല. ആദിവാസികൾക്ക് അഭിമാനമുണ്ട്. അതുകൊണ്ട് വരും" എന്ന വംശീയ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണം.
പേരുകേട്ട കേരള മോഡൽ ഭൂപരിഷ്കരണത്തിൽ നിന്നും വികസനത്തിൽ നിന്നും പുറംതള്ളപ്പെട്ട ആദിവാസി ജനവിഭാഗത്തിന്റെ യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ അവരുടെ സാമൂഹികാവസ്ഥയെ കാഴ്ചവസ്തുക്കളാക്കുന്നത് വെള്ളക്കാരായ യൂറോപ്യർ കറുത്ത വംശജരെ ഉപയോഗിച്ച് കാഴ്ച ബംഗ്ലാവുകൾ സൃഷ്ടിച്ച വംശീയ ചരിത്രത്തെ തന്നെയാണ് ആവർത്തിക്കുന്നത്. ആദിവാസി ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ഭൂമിയെക്കുറിച്ച പരാതികളെയോ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിലധികമായി സർക്കാർ ഫെല്ലോഷിപ്പുകൾ മുടങ്ങിക്കിടക്കുന്ന പ്രശ്നത്തെയോ പരിഹരിക്കാൻ ഒരു നിലക്കും തയ്യാറാകാത്ത സർക്കാരാണ് ആദിവാസികളെ മ്യൂസിയം പീസാക്കി വംശീയ നോട്ടത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യന്റെ ആത്മാഭിമാനത്തിനും അന്തസിനും വില കൽപിക്കുന്നുണ്ടെങ്കിൽ, മറ്റു സമുദായങ്ങളെപ്പോലെ തുല്യതയോടെയും സമഭാവനയോടെയും ആദിവാസി സമൂഹത്തെയും കാണുന്നുണ്ടെങ്കിൽ പ്രദർശനം അടിയന്തിരമായി പിൻവലിച്ച് ആദിവാസി സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയുകയാണ് വേണ്ടതെന്നും കെ.എം.ഷെഫ്റിൻ പറഞ്ഞു.
ആദിവാസികളെ കാഴ്ച വസ്തുവാക്കി എക്സിബിഷൻ സംഘടിപ്പിച്ച് അപമാനിച്ച കേരളീയം പരിപാടിക്കെതിരെ കനകക്കുന്ന് പ്രധാന വേദിക്കു മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരയ ആദിൽ എ , തശ് രീഫ് കെ പി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് പി എച്ച് എന്നിവർ നേതൃത്വം നൽകി.