കെ.ടി.യുവിൽ വീണ്ടും ഗവര്‍ണറുടെ ഉടക്ക്; സിൻഡിക്കേറ്റ് പ്രമേയം റദ്ദാക്കി
|ഉന്നതാധികാര സമിതിയെ നിയമിച്ചതടക്കമുള്ള സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണൻസിന്റെയും മൂന്ന് സുപ്രധാന തീരുമാനങ്ങൾ ഗവർണർ റദ്ദാക്കി
തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം വീണ്ടും തുറന്ന പോരിലേക്ക് സർക്കാറും ഗവർണറും. സാങ്കേതിക സർവകലാശാലശാല(കെ.ടി.യു)യിൽ അസാധാരണ ഇടപെടലുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണൻസും പാസാക്കിയ പ്രമേയം ഗവർണർ റദ്ദാക്കി. ഉന്നതാധികാര സമിതിയെ നിയമിച്ച സിൻഡിക്കേറ്റ് തീരുമാനവും ഗവർണർ റദ്ദാക്കിയിട്ടുണ്ട്. ഗവർണറുടെ ഇടപെടൽ ചട്ടവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് പ്രതികരിച്ചു.
മൂന്ന് സുപ്രധാന തീരുമാനങ്ങൾക്കാണ് ഗവർണറുടെ ഉടക്ക് വന്നിരിക്കുന്നത്. വി.സിയെ നിയന്ത്രിക്കാൻ ഉന്നതാധികാര സമിതിയെ നിയമിച്ച തീരുമാനമാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം ജീവനക്കാരുടെ സ്ഥലംമാറ്റം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. ഇതും ഗവർണർ റദ്ദാക്കിയിട്ടുണ്ട്. വി.സിയും ഗവർണറും തമ്മിലുള്ള കത്തിടപാടുകൾ സിൻഡിക്കേറ്റ് അംഗീകാരത്തോടെ വേണമെന്ന തീരുമാനവും അദ്ദേഹം തടഞ്ഞിരിക്കുകയാണ്.
ഗവർണറുടെ ഇടപെടൽ ചട്ടവിരുദ്ധമാണെന്ന് പുതിയ നടപടിയോട് പ്രതികരിച്ച് സിൻഡിക്കേറ്റ് വ്യക്തമാക്കി. റദ്ദാക്കുന്നതിനുമുൻപ് തീരുമാനങ്ങൾ കൈക്കൊണ്ട സമിതിയോട് വിശദീകരണം ചോദിക്കണമെന്നും സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടുന്നു. സർക്കാരിനോടും ഗവർണർ കൂടിയാലോചന നടത്തണം. ഗവർണറുടെ നടപടി സർവകലാശാലാ ചട്ടം അനുസരിച്ച് നിലനിൽക്കില്ലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമോപദേശം തേടാനും നീക്കമുണ്ട്.
കെ.ടി.യു വി.സി സിസാ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്റെ നിർദേശമുണ്ടായിരുന്നു. പുതിയ വി.സി നിയമനം ഉടൻ ഉണ്ടാകില്ലെന്നും ഹൈക്കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും രാജ്ഭവവൻ വിലയിരുത്തി. നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസാ തോമസിന്റെ നിലപാട്.
ദിവസങ്ങൾക്കുമുൻപാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുതിയ വി.സി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദേശിച്ച് രാജ്ഭവന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, പാനൽ സംബന്ധിച്ച വിഷയത്തിൽ ഗവർണർ തീരുമാനമെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. നിയമോപദേശം തേടിയിട്ടുണ്ടെന്നത് മാത്രമായിരുന്നു ഗവർണർ ഈ വിഷയത്തിൽ നൽകിയിരുന്ന മറുപടി. പിന്നീടാണ് സിസ സ്ഥാനമൊഴിയേണ്ടതില്ലെന്ന നിർദേശം പുറത്തുവരുന്നത്.
Summary: The Kerala Governor Arif Mohammad Khan suspended the resolutions passed by the Technical University (KTU) Syndicate and the Board of Governance.