'ജാതിവിവേചനങ്ങളെ കുറിച്ചുള്ള പരാമർശം അനാവശ്യ വിവാദമുണ്ടാക്കും'; സംസ്ഥാന സർക്കാർ പ്രസിദ്ധീകരണം ലേഖനം തിരിച്ചയച്ചെന്ന് ചരിത്രകാരൻ
|ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്റാൻഡ് സർവകലാശാലയിൽ പ്രൊഫസറും സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്ക ഡയരക്ടറുമായ ദിലീപ് മേനോൻ ആണ് സംസ്ഥാന സർക്കാരിന്റെ ഇംഗ്ലീഷ് മാസിക 'കേരള കോളിങ്ങി'നെതിരെ ആരോപണമുയര്ത്തിയത്
കോഴിക്കോട്: ജാതിവിവേചനങ്ങളെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ പ്രസിദ്ധീകരണം ലേഖനം തിരിച്ചയച്ചെന്ന് ആരോപണം. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ മലയാളി അക്കാദമിക പണ്ഡിതനും ചരിത്രകാരനുമായ ദിലീപ് മേനോൻ ആണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കേരള സർക്കാരിന്റെ ഔദ്യോഗിക ഇംഗ്ലീഷ് മാസികയായ 'കേരള കോളിങ്ങി'ലേക്ക് ആവശ്യപ്പെട്ട ലേഖനമാണ് ജാതി അസമത്വങ്ങളെ കുറിച്ചുള്ള പരാമര്ശങ്ങള് ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്.
സോഷ്യൽ മീഡിയയിലൂടെയാണ് ദിലീപ് മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സർവവ്യാപിയായ മലയാളി എന്ന വിഷയത്തിൽ മാസികയിലേക്കു നേരത്തെ ലേഖനം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 1,500 വാക്കുള്ള ലേഖനം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, ചില പരാമർശങ്ങൾ കാരണം ലേഖനം അതുപോലെ പ്രസിദ്ധീകരിക്കാൻ തടസമുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗം അറിയിക്കുകയായിരുന്നു.
ലേഖനത്തിലുള്ള ജാതി അസമത്വങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ അനാവശ്യ വിവാദങ്ങൾക്കിടയാക്കുമെന്നും അതിനാൽ പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു പ്രതികരണം. ഇവ തിരുത്തി അയച്ചാൽ പ്രസിദ്ധീകരിക്കാമെന്നും അറിയിച്ചിരുന്നതായി ദിലീപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. ലേഖനം പിൻവലിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. nocasteinkerala എന്ന ഹാഷ്ടാഗോടെയാണ് ദിലീപ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹാനസ്ബർഗിലെ വിറ്റ്വാട്ടർസ്റാൻഡ് സർവകലാശാലയിൽ ഹിസ്റ്ററി-ഇന്റർനാഷനൽ റിലേഷൻസ് വകുപ്പിൽ പ്രൊഫസറാണ് ദിലീപ് മേനോൻ. സർവകലാശാലയിലെ ഇന്ത്യൻ പഠനങ്ങൾ വിഭാഗത്തിൽ മെലോൺ ചെയറും സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്കയുടെ ഡയരക്ടറുമാണ്. ഡൽഹി, ഓക്സ്ഫഡ്, കാംബ്രിജ് സർവകലാശാലകളിലായിരുന്നു ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾ. കാംബ്രിജിൽനിന്നു തന്നെ ചരിത്രത്തിൽ പി.എച്ച്.ഡിയും പൂർത്തിയാക്കി.
ആധുനിക ഇന്ത്യയുടെ ജാതിചരിത്രം, സാംസ്കാരിക ചരിത്രം, നരവംശശാസ്ത്രം, മലബാർ പഠനങ്ങൾ, ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ എന്നീ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാണ് ദിലീപ് മേനോൻ. കാസ്റ്റ്, സോഷ്യലിസം, ഈക്വാലിറ്റി ഇൻ സൗത്ത് ഇന്ത്യ: മലബാർ-1900-1948(കാംബ്രിജ്), ദി ബ്ലൈൻഡ്നെസ് ഓഫ് ഇൻസൈറ്റ്: എസ്സേസ് ഓൺ കാസ്റ്റ് ഇൻ മോഡേൺ ഇന്ത്യ(നവയാന), ദി കൾച്ചറൽ ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ, കാപിറ്റലിസംസ്: ടുവേഡ്സ് എ ഗ്ലോബൽ ഹിസ്റ്ററി എന്നിവയാണു പ്രധാന കൃതികൾ. നിരവധി അന്താരാഷ്ട്ര ജേണലുകളിൽ നൂറുകണക്കിനു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദിലീപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിരാശപ്പെടുത്തുന്ന ദിവസമായിരുന്നു ഇന്ന്. കേരള സർക്കാർ പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'നു വേണ്ടി സർവവ്യാപിയായ മലയാളിയെ കുറിച്ച് ഒരു ലേഖനമെഴുതാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ടതുപ്രകാരം 1,500 വാക്കുള്ള ഒരു കുറിപ്പ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, താഴെ പറയുന്ന പ്രതികരണമാണ് എനിക്കു ലഭിച്ചത്:
''ലേഖനത്തിൽ ജാതി അസമത്വങ്ങളെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഞങ്ങളെ അനാവശ്യമായ വിവാദത്തിൽപെടുത്താൻ ഇടയുള്ളതിനാൽ സർക്കാർ മാഗസിൻ എന്ന നിലയ്ക്ക് അത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്കു നിയന്ത്രണങ്ങളുണ്ട്. ആ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വീണ്ടും അയച്ചാൽ താങ്കളോട് ഏറെ കടപ്പെട്ടവരായിരിക്കും ഞങ്ങൾ.''
ലേഖനം ഞാൻ പിൻവലിച്ചിരിക്കുകയാണ്.
Summary: The Kerala government's official English magazine 'Kerala Calling' rejects article because of its reference to caste discrimination: alleges Dilip Menon, an internationally renowned Malayali academic scholar and historian