പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും
|രണ്ട് വർഷം കൊണ്ട് 1200 കോടിയാണ് പ്രളയ സെസ് മുഖേനെ പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്
പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും. രണ്ട് വർഷം കൊണ്ട് 1200 കോടിയാണ് പ്രളയ സെസ് മുഖേനെ പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്. മാസങ്ങൾക്ക് മുമ്പേ ഈ ലക്ഷം കൈവരിക്കാൻ കഴിഞ്ഞു.
2018ലെ പ്രളയത്തെ തുടർന്ന് രൂപം കൊടുത്ത റീ ബിൽഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏർപ്പെടുത്തിയത്. 5 ശതമാനത്തിന് മുകളിൽ ജി.എസ്.ടി ഉള്ള ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയ സെസ് കൂടി നൽകണമായിരുന്നു. ഇതിലൂടെ വർഷം 600 കോടി വീതം രണ്ട് വർഷം കൊണ്ട് 1200 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 2021 മാർച്ച് ആകുമ്പോഴേക്കും 1705 കോടി പ്രളയ സെസിലൂടെ ലഭിച്ചു.
അവസാന കണക്കെടുമ്പോൾ 2000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നാളെ മുതൽ പ്രളയ സെസ് ഈടാക്കാതെ ബിൽ നൽകാനായി സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ധനവകുപ്പ് വ്യാപാരികൾക്ക് നിർദേശം നൽകി. പ്രളയ സെസിലൂടെ പിരിച്ച തുക പൂർണമായും ഇതുവരെ റീ ബിൽഡ് കേരളയിലേക്ക് സർക്കാർ നൽകിയിട്ടില്ല.