ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനത്തിലുറച്ച് സര്‍ക്കാര്‍
|കഴിഞ്ഞദിവസം സമാപിച്ച സഭാ സമ്മേളനത്തിന്‍റെ തുടർച്ചയാണ് അടുത്ത മാസം നടക്കാൻ പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം സമാപിച്ച സഭാ സമ്മേളനത്തിന്‍റെ തുടർച്ചയാണ് അടുത്ത മാസം നടക്കാൻ പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.നയ പ്രഖ്യാപന പ്രസംഗം എല്ലാ കാലത്തും ഒഴിവാക്കാൻ കഴിയില്ല എന്നതുകൊണ്ട് പ്രസംഗം തയ്യാറാക്കാനുള്ള ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സർക്കാർ നൽകിയിട്ടുണ്ട്.
പ്രഖ്യാപന പ്രസംഗം ഒഴിവാക്കി കഴിഞ്ഞ ദിവസം സമാപിച്ച സമ്മേളനത്തിന്‍റെ തുടർച്ച അടുത്തമാസം നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ വേണ്ടിയുള്ള ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് മന്ത്രിസഭായോഗം നൽകിയതോടെയാണ് ചില അഭ്യൂഹങ്ങൾ ഉടലെടുത്തത്. നയപ്രഖ്യാപന പ്രസംഗം നടത്താൻ സർക്കാർ തീരുമാനിച്ചു എന്നതായിരുന്നു പുറത്തുവന്ന അഭ്യൂഹം. എന്നാൽ തൽക്കാലത്തേക്ക് പ്രഖ്യാപന പ്രസംഗം വേണ്ട എന്ന് തന്നെയാണ് സർക്കാർ നിലപാട്. എന്നാൽ എല്ലാ കാലത്തും നയപ്രഖ്യാപനം ഒഴിവാക്കി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാം.നിലവിൽ സർക്കാരുമായി തുറന്നു പോരിന് ഇറങ്ങിയ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിച്ചാലും വരുമോ എന്ന് ആശങ്കയുടെ അടിസ്ഥാനത്തിലാണ് തൽക്കാലത്തേക്ക് ഒഴിവാക്കാൻ വേണ്ടി തീരുമാനിച്ചത്. നയപ്രഖ്യാപനം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഗവർണറെ അധികം ചൊടിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് പ്രസംഗം തയ്യാറാക്കാനുള്ള ചുമതല ഒരു ഉദ്യോഗസ്ഥയ്ക്ക് നൽകിയത് എന്നാണ് വിലയിരുത്തൽ. ഗവർണർ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്തിയാലും നയപ്രഖ്യാപന പ്രസംഗം പൂർണമായ ഒഴിവാക്കിയിട്ടില്ലെന്നും അത് തയ്യാറാക്കി വരികയാണെന്നുമുള്ള മറുപടി സർക്കാരിന് നൽകാൻ കഴിയും.