'കേരളം ബനാന റിപ്പബ്ലിക്കായി മാറി'; മുഖ്യമന്ത്രി ഭീരുവാണെന്നാവർത്തിച്ച് ശബരിനാഥൻ
|'സ്വർണക്കടത്തടക്കമുള്ള വിഷയങ്ങളിൽ ഇനിയും പ്രതിഷേധം തുടരും'
തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കെ എസ് ശബരിനാഥൻ. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്, മുഖ്യമന്ത്രി ഭീരുവാണെന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ശബരിനാഥൻ പ്രതികരിച്ചു. സ്വർണക്കടത്തടക്കമുള്ള വിഷയങ്ങളിൽ ഇനിയും പ്രതിഷേധം തുടരും. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി ഉത്തരവ് സർക്കാറിനേറ്റ പ്രഹരമാണെന്നായിരുന്നു മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ ശബരിനാഥന്റെ പ്രതികരണം. വിമാനത്തിനുള്ളിലെ സമരത്തിൽ പ്രധാനപ്പെട്ട പങ്ക് തനിക്കുമുണ്ട്. താൻ കൂടി ചർച്ചചെയ്താണ് വിമാന പ്രധിഷേധം നടത്തിയത്. നിയമ വിധേയ സമരമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സ്ക്രീൻഷോട്ട് പുറത്ത് വന്നത് നേതൃത്വം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ശബരീനാഥൻ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.
വളരെ നാടകീയമായിട്ടായിരുന്നു ശബരിനാഥിന്റെ അറസ്റ്റ് വിവരം പൊലീസ് പുറത്ത് വിട്ടത്. 10.30ന് ചോദ്യം ചെയ്യലിന് ഹാജരായി 15 മിനിട്ടിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. പത്ത് മുപ്പത്തിയഞ്ചോടെ സ്റ്റേഷനുള്ളിലേക്ക് കയറി. പതിനൊന്ന് മണിയോടെ ജില്ലാ സെഷൻസ് കോടതിയിൽ ശബരിനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷ എത്തി.
ഇതിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലല്ലോ എന്ന മജിസ്ട്രേറ്റ് ചോദിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ പറയുകയും 10.50 ന് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വിശദീകരണം ലഭിക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖകകൾ ഹാജരാക്കാൻ നിർദേശിച്ച് കോടതി അടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. കോടതിയിൽ നിന്ന് വിവരം പുറത്ത് വന്നതോടെയാണ് സ്റ്റേഷന് പുറത്തുണ്ടായിരുന്ന പ്രവർത്തകരും നേതാക്കളും വിവരം അറിയുന്നത്. ഇതോടെ കോടതിയെ കബളിപ്പിച്ചുവെന്നും ആസമയത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പിന്നീട് ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വലിയ തുറ പൊലീസ് സ്റ്റേഷനിലേക്കും എ.ആർ ക്യാമ്പിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്ന് മറ്റൊരുവഴിയിലൂടെയാണ് ശബരിയെ കോടതിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസിലെ നാലാം പ്രതിയായാണ് ശബരീനാഥിനെ കോടതിയിൽ ഹാജരാക്കിയത്. 120ബി ഗൂഢാലോചന 307 വധശ്രമം 332,334സി അതോടൊപ്പം വിവിധ വിമാനക്കമ്പനി നിയമങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.