Kerala
അച്ഛന് കരൾ പകുത്ത് നൽകാൻ മകൾക്ക് കോടതിയുടെ അനുമതി
Kerala

അച്ഛന് കരൾ പകുത്ത് നൽകാൻ മകൾക്ക് കോടതിയുടെ അനുമതി

Web Desk
|
21 Dec 2022 2:43 PM GMT

ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി

തിരുവനന്തപുരം: കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി പ്രതീഷിന് കരള്‍ പകുത്തു നല്‍കാന്‍ മകള്‍ ദേവനന്ദയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായില്ല. 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാല്‍ ദേവനന്ദ എന്ന 18 വയസ് തികയാത്ത കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേല്‍ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.

ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വിധിച്ചിരുന്നു. തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള ദേവനന്ദയുടെ തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. അതേസമയം പ്രതീഷിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാന്‍ കേവലമായ 5 മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്.

നിയമപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അതിവേഗത്തില്‍ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ താമസം വിനാ സമര്‍പ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.

Similar Posts