'ഒക്ടോബർ 6ന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം': കർശന നിർദേശവുമായി ഹൈക്കോടതി
|ആളുകൾ മരിക്കുന്നത് വരെ കാത്തിരിക്കാതെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി
കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡ് വിഷയത്തില്‍ ഇന്നും സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എഞ്ചിനീയർമാരുടെ പണി ബിൽ പാസാക്കൽ മാത്രമാണോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
റോഡുകളിൽ കുഴി രൂപപ്പെടുമ്പോൾ മുതൽ നടപടി സ്വീകരിച്ച് തുടങ്ങണമെന്നും ആളുകൾ മരിക്കുന്നത് വരെ കാത്തിരിക്കാതെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കിഫ്ബി ഏറ്റെടുത്തത് മൂലമാണ് പണികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു പിഡബ്ല്യൂഡി എഞ്ചിനീയറുടെ വാദം. റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നും എഞ്ചിനീയർ കോടതിയെ അറിയിച്ചു. ഈ വർഷം മാത്രമാണ് ഇത്തരത്തിൽ റോഡ് എത്തിയതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം.
റോഡുകളിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കാത്തതിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച കോടതി റോഡിലെ അറ്റകുറ്റപ്പണികളെല്ലാം ഇനി ഹരജി പരിഗണിക്കുന്ന ഒക്ടോബർ 6നകം പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകി.