ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി
|യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി
കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി. കേസിൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവരോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. നവംബർ എട്ടിനു പരിഗണിക്കാൻ കേസ് മാറ്റിയിരിക്കുകയാണ്.
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയിൽനിന്ന് സർക്കാർ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യക്കുറ്റ നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനം. ചീഫ് സെക്രട്ടറിക്കും എറണാകുളം, പാലക്കാട് ജില്ലാ കലക്ടർമാർക്കുമെതിരെയാണു നടപടി വരുന്നത്. നവംബർ എട്ടിനു രാവിലെ 10.15ന് കോടതിയിൽ ഹാജരാകാൻ ഇടക്കാല ഉത്തരവുണ്ട്.
Summary: The Kerala High Court to proceed with contempt of court proceedings against the state government in the Orthodox-Jacobite church dispute