നാടാർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം നൽകാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ
|2021 ഫെബ്രുവരി ആറിനാണ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത്
കൊച്ചി: നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹർജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനില്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.
2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പൻ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങൾ നിലവിൽ ഒബിസി പട്ടികയിൽ ഉണ്ട്. ഒരു സമുദായം കൂടി ഉൾപ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സർക്കാർ പ്രയോഗിച്ചിരിക്കുന്നത്- എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
സംസ്ഥാന പിന്നാക്ക കമ്മിഷൻ ശിപാർശ അനുസരിച്ചാണ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിർണായകമായ നാടാർ സമുദായത്തിന്റെ വോട്ടുബാങ്ക് മുമ്പിൽക്കണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.