എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ല: ഹൈക്കോടതി
|നിരോധിത സംഘടനയല്ലെന്ന് ജസ്റ്റിസ് കെ ഹരിപാല്‍
കൊച്ചി: എസ്.ഡി.പി.ഐയും പി.എഫ്.ഐയും ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇതൊരു നിരോധിത സംഘടനയല്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.
സഞ്ജിത്ത് വധക്കേസില്‍ സംഘടനയുടെ ദേശീയ, സംസ്ഥാന തല നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടാതെ 90 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞ് അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചാൽ നടപടികളിൽ കൂടുതൽ കാലതാമസമുണ്ടാക്കും. അത് പൊതുതാൽപ്പര്യമല്ല. കേസ് നീണ്ടുപോകുന്നത് കുറ്റവാളികള്‍ ജാമ്യം തേടുന്നതിന് വഴിയൊരുക്കും. ജാമ്യത്തിലിറങ്ങുന്നത് മറ്റ് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി നിലവിലെ അന്വേഷണം പരിശോധിക്കുകയും ഹൈക്കോടതിയില്‍ പുരോഗതി അറിയിക്കുകയും വേണമെന്നും ഉത്തരവിലുണ്ട്.
കൊലപാതകത്തിനു പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്‌ക്കു കൈമാറണമെന്നുമായിരുന്നു സഞ്ജിത്തിന്‍റെ ഭാര്യയുടെ ആവശ്യം.