ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു
|രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർനടപടികളുമാണ് സ്റ്റേ ചെയ്തത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ മീഡിയവൺ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിലാണ് ഐഷ രാജ്യദ്രോഹക്കേസ് നേരിടുന്നത്. ലക്ഷദ്വീപ് സമരം ശക്തമാകുന്ന ഘട്ടത്തിലായിരുന്നു പ്രസ്താവന. ഇതിനെതിരെ ദ്വീപ് ബി.ജെ.പി അധ്യക്ഷൻ സി. അബ്ദുൽ ഖാദറാണ് പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഐഷയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രസ്താവന പിൻവലിച്ച് പിന്നീട് ഐഷ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കോവിവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഈയൊരു പശ്ചാത്തലത്തിലാണ് വിവാദ പരാമർശമെന്നുമായിരുന്നു വിശദീകരണം. എന്നാൽ, ഐഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ശ്രമിക്കുന്നതെന്ന് ലക്ഷദ്വീപ് ബി.ജെ.പി നേതാവ് പരാതിയിൽ ആരോപിച്ചു.
Summary: Kerala High Court stays proceedings in sedition case against actor and director Aisha Sultana