'കെ- റെയിൽ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടത്': ഹൈക്കോടതി
|വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കെ-റെയിലിൽ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ പോർവിളിച്ചും ഭീഷണിപ്പെടുത്തിയുമാണോ പദ്ധതികൾ നടപ്പാക്കേണ്ടതെന്ന് കോടതി ചോദിച്ചു. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കല്ലിടലിന്റെ പേരിൽ വലിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാൻ പാടില്ല. സർവേ ആക്ട് പ്രകാരമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ. നിയമപ്രകാരം സർവേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സിൽവർ ലൈൻ നടപ്പാക്കാൻ. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയെ ഇരുട്ടിൽ നിർത്തരുത്. കേന്ദ്രം കെ റെയിലുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.
സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർജിക്കാർ പറയുന്നു. കോട്ടയം, തൃശൂർ, കോഴിക്കോട് സ്വദേശികൾ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്നും എഐഐബി, കെ എഫ് ഡബ്ള്യുബി, എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാൻ ബാങ്കിന്റെ പിന്തുണയും സിൽവർ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.