ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഇന്നു നിര്‍ണായകദിനം; വിചാരണ കോടതിവിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി വിധിപറയും
|പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ രമ എം.എൽ.എയും നൽകിയ അപ്പീലുകളാണു കോടതി വിധിപറയുന്നത്
കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതിവിധി ചോദ്യംചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ രമ എം.എൽ.എയും നൽകിയ അപ്പീലുകളാണു കോടതി ഇന്നു വിധി പറയാനിരിക്കുന്നത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയില്‍ അപ്പീലുകള്‍ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറയുക.
കേസിൽ പ്രതി ചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതികളുടെ വാദം. സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആർ.എം.പിക്കു രൂപംനല്‍കിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനുശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കേസിൽ കൊടി സുനി, കിർമാണി മനോജ്, സി,പി,എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയിൽശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു. സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
Summary: The High Court to deliver verdict in the appeals challenging the trial court's verdict in the TP Chandrasekharan murder case