വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
|തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കാനും ഹൈക്കോടതി നിർദേശം നൽകി.
സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും പൊലീസ് മേധാവിയെയും കേസിൽ കക്ഷി ചേർത്തു. വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച് സർക്കാർ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ അത്തരം പ്രശ്നങ്ങളില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ബുക്ക് ചെയ്തവർക്ക് മാത്രമെ വാക്സിൻ നൽകുന്നുള്ളൂവെന്നും പ്രതിദിനം രണ്ടുലക്ഷത്തോളം ഡോസ് വാക്സിൻ നൽകുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
കേന്ദ്രം ആവശ്യത്തിന് വാക്സിൻ നൽകുന്നില്ലെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കാനും ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, ഒരു കാരണവശാലും പൊലീസ് ബലപ്രയോഗം നടത്തരുതെന്നും കോടതി വ്യക്തമാക്കി.