Kerala
സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കാൻ സാധ്യത
Kerala

സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കാൻ സാധ്യത

Web Desk
|
17 Jun 2022 1:19 AM GMT

ഫുൾ എപ്ലസ് കാരുടെ എണ്ണം കുറഞ്ഞതിനാൽ കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കാൻ സാധ്യത. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,652 വിദ്യാർഥികൾ ഇത്തവണ ഉപരിപഠനത്തിന് അർഹത നേടി. ഫുൾ എപ്ലസ് കാരുടെ എണ്ണം കുറഞ്ഞതിനാൽ കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ.

കണക്കുകൾ പ്രകാരം 3,61,307 പ്ലസ് വൺ സീറ്റുകളാണ് ആകെ ഉള്ളത്. ഇതിൽ സർക്കാർ -എയ്ഡഡ് മേഖലയിൽ മാത്രം 2,39,551 സീറ്റുകളാണുള്ളത്. എന്നാൽ ഉപരിപഠനത്തിന് അർഹരായത് 4,23,363. CBSE - ICSE വിഭാഗത്തിൽ നിന്ന് പ്ലസ് വണിന് സർക്കാർ സിലബസിലേക്ക് എത്തുന്നവർ വേറെ. 33,000 ത്തോളം വിഎച്ച്എസ്‌സി സീറ്റുകൾ കൂടി കൂട്ടിയാലും ബാക്കിവരുന്ന നിരവധി കുട്ടികൾ പുറത്താകും. 9000 പോളിടെക്‌നിക്ക് സീറ്റുകളും 64000 ഐടിഐ സീറ്റുകളുമുള്ളതിനാൽ അഡ്മിഷൻ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാകില്ല എന്നാണ് സർക്കാർ കണക്കുകൂട്ടൽ. എങ്കിൽ പോലും നിലവിലെ എണ്ണം വച്ച് എല്ലാവർക്കും പ്രവേശനം നൽകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ആകെ അപേക്ഷകരുടെ എണ്ണം ലഭിച്ചതിന് ശേഷം അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കുകയാകും ചെയ്യുക.

മലബാർ ജില്ലകളിലാണ് പ്ലസ് വൺ സീറ്റുകൾക്ക് ക്ഷാമം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജയിച്ചവരേക്കാൾ കുറവാണ് സീറ്റുകൾ. എന്നാൽ ഫുൾ എ പ്ലസുകാരുടെ എണ്ണം കുറഞ്ഞത് കൊണ്ട് ഇഷ്ടവിഷയവും സ്‌കൂളും ലഭിക്കുന്ന കാര്യത്തിൽ പ്രശ്‌നമുണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടാതെ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉറപ്പ് നൽകുന്നു. കഴിഞ്ഞ തവണ 79 താത്കാലിക സീറ്റുകളും 30 ശതമാനം അധിക സീറ്റുകളുമാണ് അനുവദിച്ചത്.


Kerala is likely to allot more seats and batches in Plus One this time as well

Similar Posts