'വ്യവസായികൾക്ക് കേരളം സാത്താന്റെ നാട്': ശശി തരൂർ
|സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും സംസ്ഥാനം കടക്കെണിയിൽ ആണെന്നും തരൂർ
സംസ്ഥാന സർക്കാറിനെ വിമർശിച്ച് ശശിതരൂർ എം.പി. സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും സംസ്ഥാനം കടക്കെണിയിൽ ആണെന്നും വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്നും തരൂർ പറഞ്ഞു. പത്തനംതിട്ടയിൽ ബോധിഗ്രാം ലെക്ച്ചർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വ്യവസായികൾക്ക് യാതൊരുവിധ പ്രവർത്തനവും നടത്തി മുന്നോട്ടു പോകാനാവുന്നില്ല. വിദ്യാർഥികളുൾപ്പടെയുള്ളവർ വിദേശത്ത് പോയി ജോലി ചെയ്യുമ്പോൾ കേരളം അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നു. ഇത് സർക്കാരിന്റെ പരാജയമാണ്. കിറ്റ് കൊടുത്താണ് സർക്കാർ വോട്ടു വാങ്ങുന്നത്. കടക്കെണിയും രൂക്ഷം. ധനകാര്യ മന്ത്രി കേന്ദ്രത്തിനെ സമീപിച്ചിരിക്കുന്നത് കൂടുതൽ പണം ആവശ്യപ്പെടാനാണ്". തരൂർ കുറ്റപ്പെടുത്തി.
സർക്കാരിനോടും സർക്കാരിന്റെ പ്രവർത്തനങ്ങളോടും തരൂർ മൃദു സമീപനം സ്വീകരിക്കുന്നു എന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് പിന്നാലെയാണ് തൊഴിലില്ലായ്മ,വിദ്യാഭ്യാസ മേഖലയിലെ അപജയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി തരൂർ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. അഭ്യസ്ത വിദ്യരായ ആളുകൾ പോലും കേരളത്തിൽ തൊഴിലില്ലാതെ നടക്കുകയാണെന്നും ഇതിന് സർക്കാർ ഉത്തരം പറയണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
മുന്നൂറോളം വിദ്യാർഥികളും തിരഞ്ഞെടുക്കപ്പെട്ട അതിഥികളുമായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിന്ന് ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നിരുന്നു.