Kerala
യു. പ്രതിഭ, സി.കെ ആശ, കെ.കെ രമ...സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; കേരള നിയമസഭാ ചരിത്രത്തിലാദ്യം
Kerala

യു. പ്രതിഭ, സി.കെ ആശ, കെ.കെ രമ...സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; കേരള നിയമസഭാ ചരിത്രത്തിലാദ്യം

Web Desk
|
5 Dec 2022 7:32 AM GMT

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്

തിരുവനന്തപുരം: കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എ.എൻ ഷംസീർ. നിയമസഭ നിയന്ത്രിക്കാനുള്ള പാനൽ ചെയർമാൻമാരുടെ പട്ടികയിൽ വനിതകളെ ഉൾപ്പെടുത്തി. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കർ എ.എൻ ഷംസീറാണ് വനിതാ പാനൽ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനായി വനിത അംഗങ്ങളുടെ പട്ടിക ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ. ആശ, എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തി. ഉമതോമസ് ഉണ്ടായിരുന്നെങ്കിലും വടകര എംഎൽഎ യായ കെ.കെ രമയുടെ പേരാണ് യു.ഡി.എഫ് നൽകിയത്. കെ.കെ രമയും സി.പി.എമ്മും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ അവരുടെ പേര് തന്നെ യു.ഡി.എഫ് നൽകിയതിൽ ഒരു രാഷ്ട്രീയം കൂടിയുണ്ട്.

സാധാരണഗതിയിൽ 3 പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്. ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ 3 അംഗങ്ങളേയും വനിതകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതൽ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നിട്ടുണ്ടെങ്കിലും 32 വനിതകൾക്കു മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. സ്പീക്കർ ആയ ശേഷം ആദ്യത്തെ സഭ സമ്മേളനമായിരുന്നു എ.എൻ ഷംസീറിന്.

അടിയന്തരപ്രമേയത്തിന് മറുപടി നല്കുന്നതിനിടെ സമയം വർധിക്കുന്നുവെന്ന് എം.ബി രാജേഷിനോട് സ്പീക്കർ പറഞ്ഞത് സഭയിൽ ചിരി പടർത്തി. കഴിഞ്ഞ സമ്മേളനത്തിൽ സ്പീക്കർ ആയിരുന്ന എം.ബി രാജേഷ് നിരവധി തവണ ഷംസീറിന് വിവിധ വിഷയങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്. ഇതാണ് സഭയിൽ ചിരി പടരാൻ കാരണം.


Similar Posts