ചാൻസലർ; ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ ഇന്ന് പാസാക്കും
|സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്ന് വിമർശനമുണ്ടാകും.
തിരുവനന്തപുരം: ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ ഇന്ന് പാസാക്കും. വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറച്ച് സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും ബില്ലിനെ എതിർക്കും.
സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്ന് വിമർശനമുണ്ടാകും. ബഫർ സോണുമായി ബന്ധപ്പെട്ട് 2019ൽ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം.
കേരള സർവകലാശാല വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയെ മറികടക്കാൻ പുതിയ ഭേദഗതിക്ക് ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകുന്നുണ്ട്. ആഗസ്റ്റ് ഏഴിനായിരുന്നു ഗവർണർ കമ്മിറ്റി ഉണ്ടാക്കിയത്. രണ്ട് ബില്ലുകൾ പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.
അതേസമയം, നിയമസഭ സമ്മേളനം ഇന്നു പൂർത്തിയാകുന്നത്തോടെ വി.സി നിയമനം സംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് കണ്ടറിയേണ്ടത്.