പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും
|ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും.
ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകള്‍ ഘട്ടംഘട്ടമായി നൽകാനാണ് ആലോചന. ടിപിആര്‍ നിരക്ക് കുടുതലുള്ള പഞ്ചായത്തുകള്‍ അടച്ചിടും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.
മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സിൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കാമെന്നും ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.