Kerala
കടകള്‍ രാവിലെ 6 മുതല്‍ വൈകീട്ട് 7.30 വരെ, ആരാധനാലയങ്ങളില്‍ പ്രവേശനമില്ല; ലോക്ഡൗൺ മാർഗനിർദേശങ്ങളായി
Kerala

കടകള്‍ രാവിലെ 6 മുതല്‍ വൈകീട്ട് 7.30 വരെ, ആരാധനാലയങ്ങളില്‍ പ്രവേശനമില്ല; ലോക്ഡൗൺ മാർഗനിർദേശങ്ങളായി

Web Desk
|
6 May 2021 2:39 PM GMT

മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ 20 പേരുടെ സാന്നിദ്ധ്യത്തില്‍ നടത്താം, മരണാനന്തര ചടങ്ങുകളിൽ 20 പേര്‍ മാത്രം.

സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ഡൗണിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും 10 മുതൽ ഒന്നു വരെ പ്രവർത്തിക്കാം.

മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ 20 പേരുടെ സാന്നിദ്ധ്യത്തിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ, കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സമീപത്തെ പോലീസ് സ്റ്റേഷനിലും അറിയിക്കണം. മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമെ അനുവദിക്കൂ. ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാം. നിർമ്മാണ, അറ്റകുറ്റ പണികൾ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താം. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഭക്ഷണവിതരണത്തിന് തടസ്സമില്ല.

വാക്‌സിനേഷന് പോകുന്ന വാഹനങ്ങൾ തടയില്ല. അന്തർ സംസ്ഥാന യാത്ര അത്യാവശ്യക്കാർക്ക് മാത്രം അനുവദിക്കും. ഇവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലോക്ക്ഡൗണിൽ കുടുങ്ങിയവരുള്ള ഹോട്ടലുകൾക്ക് പ്രവർത്തിക്കാം. ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാം.

പെട്രോൾ പമ്പുകൾക്കും വർക്ക്‌ഷോപ്പുകൾക്കും തുറന്നു പ്രവർത്തിക്കാം. മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ സർവീസ് ഉണ്ടാകും എന്നാല്‍, മെട്രോ പ്രവർത്തിക്കില്ല. ടാക്സി സേവനങ്ങള്‍ അത്യാവശ്യത്തിന് മാത്രം. ലോക്ഡൗൺ കാലയളവിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും.

Related Tags :
Similar Posts