Kerala
കേരളത്തിന് 15 മെഡിക്കൽ പിജി സീറ്റുകൾ നഷ്‌ടമായി; അഡ്‌മിഷൻ വൈകിപ്പിച്ചെന്ന് ആരോപണം
Kerala

കേരളത്തിന് 15 മെഡിക്കൽ പിജി സീറ്റുകൾ നഷ്‌ടമായി; അഡ്‌മിഷൻ വൈകിപ്പിച്ചെന്ന് ആരോപണം

Web Desk
|
6 Dec 2022 2:53 AM GMT

പാലക്കാട് മെഡിക്കൽ കോളജിലെ ആർക്കും ഡി.എൻ.ബിക്ക് അഡ്മിഷൻ നൽകിയില്ല

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം 10 എം.ഡി സീറ്റുകളും , 5 ഡി.എൻ.ബി സീറ്റുകളും കേരളത്തിന് നഷ്ടമായതായി പരാതി. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് ഡോക്ടർമാർക്ക് സീറ്റ് നൽകാതിരിക്കാനായാണ് അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചത്. പാലക്കാട് മെഡിക്കൽ കോളജിലെ ആർക്കും ഡി.എൻ.ബിക്ക് അഡ്മിഷൻ നൽകിയില്ല.

10 എം.ഡി സീറ്റ് , 5 ഡിഎൻബി സീറ്റ് എന്നിവയിലാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇനിയും അഡ്മിഷന് അവസരം നൽകണമെന്ന് ആവശ്യപെട്ട് ആരോഗ്യ വകുപ്പ്, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് അപേക്ഷ നൽകിയിട്ടുണ്ട്. ആകെ പി ജി സിറ്റീന്റെ 10 ശതമാനം സർവ്വീസ് കോട്ടയാണ്. ഇതിലെ 45 ശതമാനവും സർക്കാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ഡോക്ടർമാർക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത് പ്രകാരം 19 സീറ്റാണ് ഉള്ളത്.

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അഡ്മിഷൻ നൽകാനാവില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് എടുത്തു. ഹൈക്കോടതിയും സുപ്രിംകോടതിയും അഡ്മിഷൻ നൽകാൻ ഉത്തരവിട്ടതോടെ അഡ്മിഷന്റെ അവസാന ദിവസമായ ഈ മാസം രണ്ടാം തീയതി രാത്രി 10 മണിക്ക് അഡ്മിഷനായി ഉത്തരവിറക്കി. രണ്ട് മണിക്കൂറിനകം അഡ്മിഷൻ നേടനായിരുന്നു ഉത്തരവ്.

പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കോടതിയെ സമീപിച്ചതാണ് അഡ്മിഷൻ നടപടികൾ വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ കോടതി വിധിയുണ്ടായിട്ടും പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അഡ്മിഷൻ തടയാൻ ശ്രമിച്ചതാണ് സീറ്റ് നഷ്ട്ടപെടാൻ കാരണമെന്ന് ഡോക്ടർമാരും പറയുന്നു. പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക മെഡിക്കൽ കോളേജായ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിനോട് പല കാര്യത്താലും വിവേചനം തുടരുകയാണ്.

Similar Posts