Kerala
ബില്ലുകളിൽ തീരുമാനത്തിന് സമയപരിധി വേണം; ഗവർണർക്കെതിരെ കേരളം വീണ്ടും  സുപ്രിംകോടതിയില്‍
Kerala

ബില്ലുകളിൽ തീരുമാനത്തിന് സമയപരിധി വേണം; ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയില്‍

Web Desk
|
29 Dec 2023 4:30 AM GMT

ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ എന്നതാണ് കേരളത്തിന്‍റെ ആവശ്യം

തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ എന്നതാണ് കേരളത്തിന്‍റെ ആവശ്യം. കേരളം നേരത്തെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ഹരജി പുതുക്കി നൽകാൻ സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി രൂക്ഷവിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ആവശ്യങ്ങൾ പുതുക്കിനൽകാൻ സർക്കാർ തീരുമാനിച്ചത്. സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ഓർഡിനൻസ് ആയിരുന്നപ്പോൾ ഒപ്പിടുകയും, ബില്ല് ആയപ്പോൾ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണെന്ന് സംസ്ഥാനം വിലയിരുത്തുന്നു. 213-ാമത് അനുച്ഛേദ പ്രകാരം, ഓർഡിനൻസ് ആകുമ്പോൾ അനുമതി നൽകിയത് ബില്ല് ആകുമ്പോൾ നിഷേധിക്കാൻ പാടില്ലെന്ന് മുതിർന്ന അഭിഭാഷകനായ കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതിക്ക് ബില്ല് അയക്കുമ്പോൾ മതിയായ കാരണം വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഗവർണർക്ക് പിഴവുപറ്റി. അതിനാൽ കോടതിയിൽ ചോദ്യംചെയ്യാമെന്ന നിയമോപദേശമാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തതോടെ നിലവിലെ ഹരജിയിലെ പ്രധാന ആവശ്യങ്ങൾ അപ്രസക്തമായി. ഇതോടെയാണ് പുതുക്കിസമർപ്പിക്കാൻ ആവശ്യപ്പെട്ടത്.



Similar Posts