'നീതിക്കും സത്യത്തിനും ഒപ്പമുള്ള തീരുമാനം'; ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാ അത്ത്
|'മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചു'
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാ അത്ത്. നീതിക്കും സത്യത്തിനും ഒപ്പമുള്ള തീരുമാനമാണ് സർക്കാർ എടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ തീരുമാനത്തിനെതിരെ പതിനായിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമാർച്ചാണ് കഴിഞ്ഞ ദിവസം മുഴുവൻ ജില്ല കലക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും കേരള മുസ്‌ലിം ജമാഅത്ത് നടത്തിയത്. തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചിരുന്നു.
കാന്തപുരം വിഭാഗത്തിന്റേയും പത്രപ്രവർത്തകരുടേയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് സിവിൽ സപ്ലെസ് കോർപ്പറേഷൻ ജനറൽ മാനേജരായ് ശ്രീറാമിനെ നിയമിച്ചത്. കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കലക്ടർ.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അപ്പോഴും ശ്രീറാമിന്റെ നിയമനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാൽ സി.പി.എമ്മിന് അനുകൂലമായി എല്ലാ കാലത്തും നിലകൊണ്ട കാന്തപുരം വിഭാഗം പരസ്യ പ്രതിഷേധവുമായി എത്തിയതോടെയാണ് മുഖ്യമന്ത്രി തീരുമാനം മാറ്റാൻ നിർബന്ധിതനായത്.
14 ജില്ലകളിലും ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതോടെ സർക്കാരിന് മേൽ സമ്മർദമായി. തുടർന്നാണ് ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സുപ്രധാന തീരുമാനം മുഖ്യമന്ത്രി എടുത്തത്. സിവിൽ സപ്ലെസ് കോർപ്പറേഷൻ ജനറൽ മാനേജരായിട്ടാണ് ശ്രീറാമിന്റെ പുതിയ നിയമനം. സർക്കാർ തീരുമാനത്തിൽ ഐ.എ.എസ് അസോസിയേഷൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഒരാഴ്ച മാത്രം ഒരാളെ കലക്ടർ സ്ഥാനത്ത് ഇരുത്തിയതിൽ അസോസിയേഷനിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടെന്നാണ് വിവരം.