മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പിന്മാറണം; കേരള മുസ്‌ലിം ജമാഅത്ത്
|ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്.
മലപ്പുറം: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് പറയപ്പെടുന്ന സ്വർണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേൽ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത്. അതിനുപകരം ഒരു ജില്ലയെയും അതിലെ മുഴുവൻ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല.
ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് തീർത്തും അന്യായമായ രീതിയിൽ ക്രിമിനൽ കേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് രാജ്യത്തെ ഏറ്റവും വലിയ സംഘർഷഭരിത ജില്ലയാക്കി കാണിച്ച് അവമതിക്കാനുള്ള നിഗൂഢ ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് അധികാരികൾ തന്നെ സ്വർണക്കടത്തിന്റെയും അനധികൃത പണമിടപാടുകളുടെയും പേരിൽ ജില്ലയെ ക്രൂശിക്കുന്നത് തരംതാഴലാണ്.
ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരെയും ജില്ലയുടെ മഹിതമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും ജാതി-മത കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് മൂന്നിയൂർ, സയ്യിദ് കെ.കെ.എസ് ഫൈസി പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, പി.എസ്.കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി, മുഹമ്മദ് പറവൂർ, കെ.ടി ത്വാഹിർ സഖാഫി, പി.കെ. മുഹമ്മദ് ബഷീർ, കെ.പി ജമാൽ
പങ്കെടുത്തു.