'കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു'; ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്
|സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹോദരൻ കെ എം അബ്ദുറഹ്മാൻ പറഞ്ഞു .
കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു. പ്രതിയെ വിശുദ്ധനാക്കാൻ ആർക്കാണ് തിടുക്കം, സർക്കാർ നീതി നിഷേധിക്കരുത് എന്നീ മുദ്രാവാക്യമുയർത്തി ആണ് കേരള ജമാഅത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ആയിരത്തിലേറെ പ്രവർത്തകർ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി. എസ് വൈ എസ്, എസ് എസ് എഫ് അടക്കമുള്ള യുവജന സംഘടനകളും മാർച്ചിനെത്തി. പതിനൊന്ന് മണിയോടെയാണ് സെക്രട്ടറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാർച്ച് തുടങ്ങിയത്. തിടുക്കപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെ ജമാത്ത് നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം സെക്രട്ടറിയറ്റിന് പുറമേ മറ്റ് പതിമൂന്ന് ജില്ലകളിലെ കലക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത കെ.എം ബഷീറിന്റെ കുടുംബം നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞു.
കോഴിക്കോടും കൊല്ലത്തും സുന്നി സംഘടനകളുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. കൊല്ലത്ത് ചിന്നക്കടയിൽ നിന്നാരംഭിച്ച മാർച്ചിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാർച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു.